The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


ഇസ്ലാം ശാന്തിയുടെ മതം
Written By : Topic Category :

ഇസ്ലാം സമാധാനമാണ്.സമര്‍പ്പണമാണ്. ഇസ്ലാം ക്ഷണിക്കുന്നത് ശാന്തിയുടെ ഭവനത്തിലേക്കാണ്. സ്വര്‍ഗത്തിലേക്ക്. സ്വര്‍ഗത്തില്‍ അസ്വസ്ഥതകളില്ല. ശാശ്വതശാന്തി മാത്രം. സ്വര്‍ഗവാസികളുടെ മനസ്സില്‍ പകയില്ല. വിദ്വേഷമോ അസൂയയോ കുശുമ്പോ ഇല്ല. സമാധാനം, ശാന്തി എന്നല്ലാതെ മറ്റൊന്നും അവിടെ കേള്‍ക്കാനില്ല. കലാപമോ യുദ്ധമോ അവിടെയില്ല. അനശ്വരമായ ആസ്വാദനങ്ങള്‍ നുകര്‍ന്ന് സ്വര്‍ഗീയവിഭവങ്ങള്‍ പരസ്പരം പകര്‍ന്ന് സ്വര്‍ഗവാസികള്‍ സന്തോഷത്തില്‍ ആറാടുന്നു. പരാതിയും പരിഭവവുമില്ല.
പരലോകത്തില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. കാരണം പരലോകമുണ്ട് എന്നതു തന്നെ. അതിനാല്‍ സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി, നരകത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ഈ ലോകത്ത് ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്താന്‍ അതുതന്നെയാണ് ഇഹലോകത്ത് സാമാധാനവും ശാന്തിയും കളിയാടാനുള്ള ജീവിത രീതി.
അനശ്വര സ്വര്‍ഗം സ്വന്തമാക്കാനുള്ള അര്‍ഹത നശ്വരമായ ഈ ഭൂമിയിലെ നശ്വരമായ ജീവിതത്തിനിടയില്‍ നേടിയെടുക്കണം. അഥവാ സ്രഷ്ടാവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും പാലിക്കണം. ഇസ്ലാമിന്റെ നിയമങ്ങളോരോന്നും അടിസ്ഥാനശാന്തി ഉറപ്പു വരുത്തുന്നതാണ്. ഇസ്ലാം ഒരിടത്തും അശാന്തി അനുവദിക്കുന്നില്ല. ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ആദര്‍ശവും സംസ്കാരവും നിര്‍ദ്ദേശങ്ങളും ശാന്തിയും സമാധാനവും നിലനിറുത്താനുള്ളത് മാത്രമാണ്.
അര്‍ഹതയുള്ളവനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തം. രക്ഷിതാവിനെ മാത്രം ആരാധിക്കുക. ആരാണ് രക്ഷിതാവ്? പടച്ചവന്‍. ഹിന്ദുവിനേയും മുസ്ലിമിനേയും, കൃസ്ത്യനിയേയും മതമില്ലാത്തവനേയും പടച്ചവന്‍. സൂര്യനേയും ചന്ദ്രനേയും ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും പടച്ചവന്‍.
എല്ലാമറിയുന്ന, എല്ലാം കാണുന്ന, എല്ലാം കേള്‍ക്കുന്ന ഒരേയൊരുവനേയുള്ളൂ. ഭാവിയറിയുന്ന എല്ലാവരേയും അറിയുന്ന, എല്ലാവര്‍ക്കുമറിയുന്ന ഏകന്‍, അതുല്യന്‍. അവന്ന് ബിംബമോ, ജാറമോ, ദര്‍ഗയോ ഇല്ല. പുണ്യമരമോ, പുണ്യമൃഗമോ പുണ്യ പുഷ്പമോ ഇല്ലാത്ത സ്രഷ്ടാവ്. മണ്ഡപത്തിലോ, ആള്‍ത്താരയിലോ ശ്രീകോവിലിലോ ഒതുങ്ങാത്ത ഏകദൈവം. അവന് അറബി ഭാഷയില്‍ അല്ലാഹു എന്നുപറയുന്നു.
അവനെ മാത്രമാണ് ആരാധിക്കേണ്ടത്. അര്‍ഹതയുള്ളവനെ ആരാധിക്കുന്നതാണ്ന്യായം. അതാണ് വര്‍ഗീയതയില്ലാത്ത വിശ്വാസം. ‘ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത് (അല്‍ബക്വറ: 21).
ഇങ്ങനെ ഏകദൈവത്തെ ആരാധിച്ച്, പ്രവാചകരെ അനുസരിച്ച്, ദൈവിക ഗ്രന്ഥമായ ക്വുര്‍ആന്‍ അനുസരിച്ച് ജീവിച്ചാല്‍ മരണം വരെ സമാധാനം.മരണസമയത്ത്, സമാധാനമായിരിക്കണം. മലക്കുകള്‍ വന്ന് സമാധാന സന്ദേശമരുളും. ‘ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നു കൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞു കൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത് (ഫുസ്വിലത്ത് 30,31,32).
മറിച്ച് സൃഷ്ടിപൂജയും വ്യക്തി പൂജയും ജാറപൂജയുമൊക്കെ മന:സമാധാനം കെടുത്തുകതന്നെ ചെയ്യും. മനസ്സിന്റെ ബലമാണ് കുറയുന്നത്. താന്‍ തന്നെ പണിതുണ്ടാക്കിയ വസ്തുക്കളെ, പോറ്റി വളര്‍ത്തുന്ന മൃഗങ്ങളെ, തന്നെക്കാള്‍ താഴ്ന്ന ജീവികളെ പൂജിക്കേണ്ട ഗതികേട് വരുമ്പോള്‍ മന:ശക്തി കുറയുക സ്വാഭാവികം.
ഏകമാനവികതയാണ് ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളിലൊന്ന്. എല്ലാവരും ആദമില്‍ നിന്ന്. ആദമാകട്ടെ മണ്ണില്‍ നിന്ന്. ഒരേ രക്ഷിതാവിന്റെ സൃഷ്ടികള്‍ ഒരേ മാതാവിന്റേയും പിതാവിന്റേയും മക്കള്‍ എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുക വഴി ഇസ്ലാം മാനവരില്‍ സാഹോദര്യം ബോധം ഊട്ടിയുറപ്പിക്കുന്നു. സമാധാനത്തിന് ആധാരശിലയിടുന്നു.
അസ്സലാമു അലൈക്കും, അല്ലാഹുവേ നിങ്ങള്‍ക്കു സമാധാനമേകണേ, ഇതാണ് ഇസ്ലാമിന്റെ അഭിവാദ്യം. ഇവിടെ തീവ്രവാദത്തിനും, ഭീകര പ്രവര്‍ത്തനത്തിനും ഇടമില്ല. അന്യരുടെ അവകാശങ്ങള്‍ പരിഗണിക്കാതെ തരമില്ല.
സ്വര്‍ഗം കിട്ടാന്‍ നല്ലതു ചെയ്തേ പറ്റൂ. തിന്മ വെടിഞ്ഞേ പറ്റൂ. അപ്പോള്‍ മനസ്സിലും കുടുംബത്തിലും സമൂഹത്തിലും സമാധാനം. നന്മയും തിന്മയും തീരുമാനിക്കേണ്ടത് നമ്മെ പടച്ചവനാണ്. നമ്മെ നിയന്ത്രിക്കുകയും മരിപ്പിക്കുകയും ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യുന്നവനാണ്. സര്‍വജ്ഞനും യുക്തിമാനുമായിട്ടുള്ള ഏകനായ രക്ഷിതാവാണ്.
ദെവഭയം മനസ്സിനെ ശുദ്ധിയാക്കും. മുതിര്‍ന്നവരെ മാനിക്കാനും ഇളയവരെ ഗണിക്കാനും ഇടയാക്കും. ഭാര്യയും ഭര്‍ത്താവും തന്നിഷ്ടപ്രകാരം സംസാരിക്കുകയോ പെരുമാറുകയോ ഇല്ല. പടച്ചവന്‍ ചോദ്യം ചെയ്യുമല്ലോ. അതിനാല്‍ സൂക്ഷ്മതയും മര്യാദയും നിയന്ത്രണവും സാധിക്കും. മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുരക്ഷിതരാവും. അയല്‍ ബന്ധങ്ങളും സ്നേഹബന്ധങ്ങളും ദൃഢമാവും. സമൂഹനില മെച്ചപ്പെടും. മോഷണവും ചൂഷണവും ഇല്ലാതാവും. വ്യഭിചാരവും ബലാത്സംഗവും സ്വയംഭോഗവും സ്വവര്‍ഗ്ഗഭോഗവുമൊക്കെ പോവും.പലിശയും കൈക്കൂലിയും സ്ത്രീധനവും ഒഴിവാകും. മദ്യപാനത്തില്‍ നിന്നും മുഴവന്‍ ലഹരികളില്‍ നിന്നും മോചനം ലഭിക്കും. നന്മയല്ലാതെ ഇസ്ലാം നിഷ്കര്‍ഷിക്കുന്നില്ല, തിന്മയല്ലാതെ നിഷേധിക്കുന്നുമില്ല.
ശത്രുവിനു പോലും നന്മ കാംക്ഷിക്കാനും അവര്‍ നന്മയുടേയും ശാന്തിയുടേയും വഴിയില്‍ വരണമെന്ന് ആശിക്കാനും അതിന്നായി ഗുണകാംക്ഷയോടെ ആത്മാര്‍ത്ഥമായി യത്നിക്കാനും ഇസ്ലാം പഠിപ്പിക്കുന്നു. ശിക്ഷാവിധികള്‍ നിര്‍ണയിച്ചതും നീതിനടപ്പാകുന്നതിന്റെ ഭാഗമാണ്. സ്രഷ്ടാവിന്റെ കാരുണ്യമാണ്. നശീകരണമനസ്ഥിയതിയോ ഭീകരതയോ അല്ല, നിര്‍മാണവും നന്മയുടെ സംസ്ഥാപനവുമാണ് ഇസ്ലാം ലക്ഷ്യമിടുന്നത്.
പക്ഷേ, ഇതെല്ലാം സംഭവിക്കണമെങ്കില്‍ മനസ്സില്‍ ദൈവഭയവും പരലോക ബോധവും ഉണ്ടാകണം. ഭരണ മാറ്റമല്ല, മനം മാറ്റമാണ് വേണ്ടത്. കൈവിലങ്ങും ചാട്ടവാറും കല്‍ത്തുറുങ്കുമില്ലാതെ, മനം മാറ്റം. പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.