The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


മതം ഗുണകാംക്ഷയാണ്
Written By : Topic Category :

മതം ഗുണകാംക്ഷയാണ് “ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയാണ്”എന്നാണ് മതം പഠിപ്പിക്കാന്‍ നിയുക്തരായ പ്രവാചകന്മാര്‍ മുഴുവനും തങ്ങളുടെ പ്രബോധിതരോട് ഉണര്‍ത്തിയിട്ടുള്ളത്.അവര്‍ പ്രതിനിധീകരിക്കുന്ന ദൈവികമതം ഗുണകാംക്ഷയാണെന്നര്‍ത്ഥം.

ദൈവികമതം ഏവരോടും കലര്‍പ്പില്ലാത്ത സമീപനം പുലര്‍ത്തുന്നു.നന്മയുടെ വഴിയില്‍ മാര്‍ഗദര്‍ശനം നല്‍കുന്നു.അറിവില്ലാത്തവര്‍ക്ക് ശരിയായ അറിവു നല്‍കുകയും നേര്‍വഴിയില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.ആധികാരിക പ്രമാണങ്ങളോടെ അസത്യത്തില്‍ നിന്ന് സത്യത്തിലേക്കു നയിക്കുന്നു.ഒരിടത്തും അനീതിയെ പിന്തുണക്കുന്നില്ല. തിന്മയോട് സഹകരണമില്ല.ആത്യന്തിക മോക്ഷമാണ് അടിസ്ഥാനലക്ഷ്യം.ഒരു പോലെ ജനിക്കുകയും ഒരേ ഭൂമിയില്‍ വസിക്കുകയും ഒരേ വായു ശ്വസിക്കുകയും ഒരു നാള്‍ മരിക്കുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് ഒരേ ലക്ഷ്യമാണ് അഭികാമ്യം.ഇഹപരവിജയിത്തിനുതകുന്ന ദൈവിക മാര്‍ഗത്തിലൂടെ അവര്‍ക്ക് ലക്ഷ്യം നേടാം.തികഞ്ഞ ഗുണകാംക്ഷയല്ലാതെ യാതൊന്നും ആ മാര്‍ഗത്തില്‍ കണ്ടെത്താന്‍ കഴിയില്ല.

ജീവിതലക്ഷ്യം തിരിച്ചറിയാത്തവരോടുള്ള ഗുണകാംക്ഷ അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ നല്‍കി ലക്ഷ്യം ബോധ്യപ്പെടുത്തലാണ്.പാപികളോടുള്ള ഗുണകാംക്ഷ അവരെ നന്മയിലേക്ക് നയിക്കലും പാപമോചനത്തിന്റെ വഴികള്‍ അറിയിച്ചു കൊടുക്കലുമാണ്.പട്ടിണിക്കാരനോടുള്ള ഗുണകാംക്ഷ അവന് അന്നം നല്‍കാന്‍ വഴിയൊരുക്കുന്നതോടൊപ്പം ക്ഷമിക്കാനുള്ള കരുത്ത് പകര്‍ന്നു നല്‍കലാണ്.ധനികനോടുള്ള ഗുണകാംക്ഷ നന്ദിയുള്ളവനാകാന്‍ അവനെ പ്രേരിപ്പിക്കലാണ്.അനാഥയെ ആദരിക്കുന്നതുംവാര്‍ധക്യത്തിലെത്തിയ വരോടും വിധവകളോടും ഒത്താശ കാണിക്കുന്നതും അവരോടുള്ള ഗുണകാംക്ഷയാണ്.അഖില മേഖലകളിലും നീതിപൂര്‍വ്വകമായ ഇത്തരമൊരു സമീപനം നിലനിര്‍ത്തുകയാണ് മതം ലക്ഷ്യമിടുന്നത്.അത്കൊണ്ട് തന്നെ മതം കലാപത്തെ പിന്തുണക്കുന്നില്ല.അനീതിയെ സംരക്ഷിക്കുന്നില്ല.ഉച്ചനീചത്വങ്ങള്‍ അനുവദിക്കുന്നില്ല.തിന്മയെ നിരാകരിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്നു.ജീര്‍ണതകളേയും അന്ധവിശ്വാസങ്ങളേയും അകറ്റുന്നു.തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റേയും വേരറുക്കുന്നു.

മതം മനുഷ്യനന്മയാണ് വിളംബരം ചെയ്യുന്നത്. മാനവികമൂല്യങ്ങള്‍ക്കാണ് അത് പ്രധാന്യം നല്‍കുന്നത്.മതനിര്‍ദ്ദേശങ്ങളിലെവിടേയും ആര്‍ക്കും ദോഷകരമായ യാതൊന്നുമില്ല. അടിസ്ഥാന മോക്ഷത്തിനുതകുന്ന നന്മകള്‍ കൈമാറാന്‍ മതത്തിനെ സാധിക്കൂ.നാഗരിക പുരോഗതിക്കോ വ്യക്തിത്വ വികാസത്തിനോ ദൈവികമതം എതിരു നില്‍ക്കുന്നില്ല. മാനവതയുടെ വ്യക്തിത്വത്തിനും അധ്വാനത്തിനും വില കല്‍പിക്കുന്ന ദൈവികമതം വികസനത്തിന്റെ മിത്രമാണ്.

സത്യം, നീതി, വിട്ടുവീഴ്ച, കാരുണ്യം ഇവയെല്ലാം വ്യക്തിത്വവികാസത്തിന്റെ ഘടകങ്ങളെങ്കില്‍, മതമാണ് അവയെ പൂര്‍ണതയിലെത്തിക്കുന്നത്. കലര്‍പ്പില്ലാത്തതും ആത്മാര്‍ത്ഥവുമായ ഉത്തമഗുണങ്ങള്‍ വളര്‍ത്തുന്നത് മതമാണ്. മതംഗുണകാംക്ഷ മാത്രമാണ്.

മനുഷ്യന്‍ മനുഷ്യനാകണമെങ്കില്‍ അവന്റെ സ്രഷ്ടാവിനെ അറിയുകയും ഉള്‍ക്കൊള്ളുകയും വേണം.പ്രപഞ്ചനാഥനെ അവന്റെ ഉത്തമനാമങ്ങളിലൂടെയും ശരിയായി മനസ്സിലാക്കലാണ് ഏറ്റവും വലിയ അറിവ്.അണ്ഡകടാഹങ്ങളുടെ ഉടയവനും സര്‍വരുടേയും സ്രഷ്ടാവും സംരക്ഷകനുമായ ഏക ആരാധ്യനോടുള്ള ഗുണകാംക്ഷ അവനോട് അവന്‍ അര്‍ഹിക്കുന്ന വിധം നന്ദിയുള്ളവരായിരിക്കുക എന്നതാണ്.അവന്‍ നല്‍കിയ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കേണ്ടത് അവനെ മാത്രം ആരാധിക്കുകയും അവനോടു മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടാണ്.”അതിനാല്‍ നിങ്ങള്‍ അവനെ മാത്രം ആരാധിക്കുകയും നന്ദിയുള്ളവരാവുകയും ചെയ്യുക”(വി.ക്വുര്‍ആന്‍). “നിശ്ചയം.നിങ്ങളുടെ ഈ സമൂഹം ഏകസമൂഹമാണ്.എന്നെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍” (വി.ക്വുര്‍ ആന്‍).

വര്‍ഗീയതയില്ലാത്ത വിശ്വാസമാണ് മതം പഠിപ്പിച്ചിട്ടുള്ളത്.അര്‍ഹതയുള്ളവനെ മാത്രം ആരാധിക്കുക.അഥവാ പ്രപഞ്ച സ്രഷ്ടാവി നെ.അടിസ്ഥാനമില്ലാത്തതും അര്‍ത്ഥശൂന്യവുമായ,പകരത്തെ ആരാധിക്കുന്ന സമ്പ്രദായം വര്‍ജിക്കുക.ഏകനായ നാഥനില്‍ മാത്രം ഭരമേല്‍പിക്കുകയും അവന്റെ നാമഗുണങ്ങളില്‍ കൃത്രിമം കാണിക്കാതിരിക്കുകയും വേണം.സൃഷ്ടികള്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ അര്‍പ്പിക്കരുത്.സൃഷ്ടികളുടെ പേരില്‍ ബലിയര്‍പിക്കരുത്.”നബിയേ, പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കൂ.ഞാന്‍ അവനില്‍ പങ്കു ചേര്‍ക്കുകയില്ല” (വി.ക്വുര്‍ആന്‍).

അവനോടു മാത്രമേ പാപമോചനം തേടാവൂ. ഔലിയാക്കള്‍, സിദ്ധന്മാര്‍, ബീവിമാര്‍, ബാബമാര്‍, അമ്മമാര്‍, ഉമ്മമാര്‍ തുടങ്ങി സൃഷ്ടികളെയൊന്നും അവനിലേക്കുള്ള ഇടയാളന്മാരായി അംഗീകരിക്കുകയോ അവരെ അവതാരങ്ങളായി കരുതുകയോ അവനു പുത്രന്മാരെ സങ്കല്‍പിക്കുകയോ പാടില്ല. അതെല്ലാം അവന്റെ പരിശുദ്ധിക്ക് കളങ്കമാ രോപിക്കലും ഗുരുതരമായ പാപവുമാകുന്നു. അത്തരക്കാര്‍ക്ക് നരകം വിധിക്കപ്പെടുകയും സ്വര്‍ഗം നിഷിദ്ധമാക്കപ്പെടുകയും ചെയ്യും, തീര്‍ച്ച.

നരകം നിര്‍ബന്ധമാക്കുന്ന ബഹുദൈവാരാധനയുള്‍പ്പെടെയുള്ള തിന്മകളില്‍ നിന്ന് കരകയറാന്‍ വ്യക്തമായ പ്രമാണങ്ങളിലൂടെ നടത്തുന്ന പ്രബോധനമാണ് ഏറ്റവും വലിയ ഗുണകാംക്ഷ.മനുഷ്യന്റെ ഏതൊരു പ്രശ്നത്തേക്കാളും മുന്‍ഗണന നല്‍കേണ്ടത് അവന്റെ നരകമോചനത്തിനായിരിക്കണം.സ്രഷ്ടാവിനെക്കുറിച്ച് അറിയിച്ചു തരേണ്ടത് അവന്‍ തന്നെയാണ്.സ്രഷ്ടാവിനോടു കൂറുപുലര്‍ത്തേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കേണ്ടതും അവന്‍ തന്നെയാണ്. ദൈവികവെളിപാടിലൂടെ പ്രവാചകന്മാര്‍ മുഖേന നമുക്കത് ലഭ്യമായി. അത് സൃഷ്ടികളിലാരുടേയും വചനമല്ലെന്നും അങ്ങനെയൊന്നു കൊണ്ടുവരാന്‍ ഒരു സൃഷ്ടിക്കും സാധ്യമല്ലെന്നും അത് തെളിയിക്കുന്നു. മുന്‍കഴിഞ്ഞ മുഴുവന്‍ വേദങ്ങളെയും സത്യപ്പെടുത്തിക്കൊണ്ടാണ് അന്തിമ വേദഗ്രന്ഥമായ വിശുദ്ധക്വുര്‍ആന്‍ അവതീര്‍ണ്ണമായത്.വിശുദ്ധക്വുര്‍ആന്‍,പൂര്‍ണമായും ദൈവികമാണെന്ന് ഉറപ്പുള്ള നിലനില്‍ ക്കുന്ന ഒരേയൊരു വേദഗ്രന്ഥമാണ്. മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗരേഖയാണ് വിശുദ്ധക്വുര്‍ആന്‍. വേദഗ്രന്ഥത്തെ മഹത്വപ്പെടുത്തുകയും പാരായണം ചെയ്യുകയും പഠിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യലാണ് അതിനോടുള്ള ഗുണകാംക്ഷ. ദുഷിച്ചവരില്‍ ദുഷിച്ചവരായ ജാഹിലിയ്യാ ജനതയെ പൂര്‍ണതയുള്ള മാതൃകാസമൂഹമായി പരിവര്‍ത്തിപ്പിച്ചത് ആ ഗ്രന്ഥം മുഖേനയാണ്.അന്തിമനാള്‍ വരെ ഏതൊരു സമൂഹവും ഈ വേദഗ്രന്ഥം വഴി മാത്രമേ പരിവര്‍ത്തിപ്പിക്കപ്പെടൂ എന്ന തിരിച്ചറിവും നിര്‍ണ്ണായകമാണ്.”നിശ്ചയം, ഈ ക്വുര്‍ആന്‍ ഏറ്റവും നേരായതിലേക്ക് വഴി കാണിക്കുന്നു” (വി.ക്വുര്‍ആന്‍).

മുഹമ്മദ് നബി(സ്വ)യാണ് ലോകജനതക്കായി വിശുദ്ധക്വുര്‍ആന്‍ വായിച്ചു കേള്‍പ്പിച്ചതും വിശദീകരിച്ചു തന്നതും. അതിനാല്‍ തന്നെ തെളിവുകളിലൂടെ അദ്ദേഹം പ്രവാചകനാണെന്ന് അംഗീകരിക്കുകയും അദ്ദേഹത്തെ നിരുപാധികം അനുസരിക്കുകയും വേണം.അദ്ദേഹം കല്‍പിച്ചവ അനുഷ്ഠിക്കുകയും അദ്ദേഹം വിലക്കിയവ വര്‍ജ്ജിക്കുകയും വേണം.നബിചര്യയെ മനോവിഷമമില്ലാതെ അംഗീകരിക്കലും പുത്തനാചാരങ്ങള്‍ ഉപേക്ഷിക്കലും അനിവാര്യമാണ്.

ഗുണകാംക്ഷയുടെ മതം ഉള്‍ക്കൊള്ളുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നവരാരോ അവരോട് അനുയായികള്‍ ഗുണകാംക്ഷികളായിരിക്കണം. അവരുടെ തെറ്റുകള്‍ വന്നാല്‍ത്തന്നെ ഗുണകാംക്ഷയോടെ തിരുത്തുന്നതിനു പകരം നേതൃത്വത്തിനെതിരേ ശൈഥില്യ ചിന്തകള്‍ വളര്‍ത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കലോ കക്ഷിത്വമുണ്ടാക്കലോ പാടില്ല. അതേ സമയം ആശയാദര്‍ശങ്ങളിലും മതാടിസ്ഥാനങ്ങളിലും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കപ്പെടാനും പാടില്ല.ലോകരക്ഷിതാവിനെ ധിക്കരിക്കുന്നതല്ലാത്ത മുഴുവന്‍ വിഷയങ്ങളിലും അവരെ അനുസരിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം.നിസാര പ്രശ്നങ്ങളുടെ പേരില്‍പ്പോലും ചേരിതിരിവും ഭിന്നതയും ഉണ്ടാകാന്‍ കാരണക്കാരാവാതിരിക്കല്‍ മതവി ശ്വാസികളുടെ ബാധ്യതയാണ്.സംഘമായി നിര്‍വഹിക്കുന്ന ആരാധനയും സംഘടിത പ്രബോധനവും സമൂഹത്തിന്റെ ബാധ്യതയായി പഠിപ്പിക്കപ്പെട്ടതാണ്.

സ്രഷ്ടാവിന് കീഴ്പെട്ട് ഒരുമയോടെ ജീവിക്കുന്ന പൊതുസമൂഹത്തോടും മതം ഗുണകാംക്ഷ പുലര്‍ത്തുന്നു.ഓരോരുത്തരുടേയും അഭിമാനവും സ്വത്തും രക്തവും അത് പവിത്രമായി പരിഗണിക്കുന്നു.അവരെ വഞ്ചിക്കുകയോ അവരോട് അസൂയ കാണിക്കുകയോ വിദ്വേഷം പുലര്‍ ത്തുകയോ ചെയ്യരുത്.അസൂയ, അഹങ്കാരം, കളവ്, പരദൂഷണം തുടങ്ങിയ ദുര്‍ഗുണങ്ങളെല്ലാം വിലക്കുന്ന ദൈവികമതം ഒരു ദു:സ്വഭാവം കൊണ്ടു പോലും തന്റെ സഹോദരന്‍ ദ്രോഹിക്കപ്പെട്ടുകൂടാ എന്ന ഗുണകാംക്ഷയുടെ സന്ദേശം പ്രചരിപ്പിക്കുന്നു.അവ ആരാധനയുടെ സദ്ഫലങ്ങള്‍ പാഴാക്കുമെന്ന് താക്കീതു ചെയ്യുകയും ചെയ്യുന്നു.മാതാപിതാക്കളോട് ആദരവും അനുസരണവുമുള്ളവരായിരിക്കണം ഒരു വിശ്വാസി.പ്രത്യേകിച്ചും അവരുടെ വാര്‍ധക്യകാലത്ത്.അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തിയെന്നും അല്ലാഹുവിന്റെ കോപം അവരുടെ കോപത്തിലാണെന്നും നബി തിരുമേനി അരുളി.വൃദ്ധസദനങ്ങള്‍ മുളച്ചു പൊങ്ങുന്ന ഇക്കാലത്ത് മാതാപിതാക്കളോട് അങ്ങേയറ്റത്തെ ഗുണകാംക്ഷയാണ് ഇസ്ലാം വെച്ചു പുലര്‍ത്തുന്നത്.നബി(സ്വ) പറഞ്ഞു: ‘പ്രായാധിക്യത്തിലെത്തിയ മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം നേടാത്തവന്‍ തുലയട്ടെ.അവന്‍ നശിച്ചു പോകട്ടെ. വീണ്ടും നശിക്കട്ടെ’ (മുസ്ലിം).

കുട്ടികള്‍ക്ക് അര്‍ത്ഥവത്തായ നല്ല പേരുകളിടാനും അവരെ സന്മാര്‍ഗ മര്യാദകളില്‍ ശിക്ഷണം നല്‍കി വളര്‍ത്താനും അത് പഠിപ്പിക്കുന്നു.നബി(സ്വ)തിരുമേനി തന്റെ പേരക്കുട്ടികളെ ചുംബിക്കുന്നതു കണ്ട ഒരു അഅ്റാബി തനിക്ക് പത്തു കുട്ടികളുണ്ടായിട്ടും ഒരു കുഞ്ഞിനെപ്പോലും താന്‍ ചുംബിച്ചിട്ടില്ലെന്നു പറഞ്ഞതു കേട്ട അദ്ദേഹം പ്രതികരിച്ചത്,അല്ലാഹു ഒരാളില്‍ നിന്ന് കാരുണ്യം എടുത്തു കളഞ്ഞാ ല്‍ എന്തു ചെയ്യാനാണ് എന്നാണ്.അതെ, ചെറിയവരോടു കാരുണ്യം കാണിക്കാത്തവരും മുതിര്‍ന്നവരെ ആദരിക്കാത്തവരും നമ്മില്‍പ്പെട്ടവനല്ലെന്ന് അദ്ദേഹം പഠിപ്പിച്ചു.

ഭാര്യയോടും ഭര്‍ത്താവിനോടും ഒരുപോലെ ഗുണകാംക്ഷ പുലര്‍ത്തുന്നു ഇസ്ലാം. ഭാര്യമാര്‍ക്ക് കടമകള്‍ ഉള്ളതു പോലെ അവകാശങ്ങളുണ്ടെന്നും പുരുഷനെഓര്‍മിപ്പിച്ചു. വിധവകളേയും അഗതികളേയും സംരക്ഷിക്കുന്നവര്‍ക്ക് അളവറ്റ പുണ്യം നിശ്ചയിച്ചു.സ്ത്രീയെ ഒരു ഉപഭോഗവസ്തുവായിക്കാണുന്നതില്‍ നിന്നു വ്യത്യസ്തമായി അവളുടെ ആഭിജാത്യവും അന്തഃസ്സും വ്യക്തിത്വവും നിലനിറുത്താനാവശ്യമായ നിര്‍ദ്ദേശം നല്‍കി.

ഇസ്ലാം ദാനധര്‍മങ്ങളും സകാത്തും ബാധ്യതയാക്കുകയും പലിശ, സ്ത്രീധനം, ചൂതാട്ടം, ലോട്ടറി തുടങ്ങിയ സാമ്പത്തിക ചൂഷണങ്ങള്‍ നിഷിദ്ധമാക്കുകയും ചെയ്തു. ദാനങ്ങള്‍ ആത്മാര്‍ത്ഥമായിരിക്കണമെന്നും അവ എടുത്തു പറയുകയോ ലോകമാന്യം ഉദ്ദേശിക്കുകയോ ചെയ്യരുതെന്നും നിഷ്കര്‍ഷിച്ചു. ബഹുജനങ്ങളുമായി ഇണക്കത്തില്‍ വര്‍ത്തിക്കണം. നബി(സ്വ) പറഞ്ഞു: “സത്യവിശ്വാസി ഇണങ്ങുകയും ഇണങ്ങപ്പെടു കയും ചെയ്യും. ഇണങ്ങുകയോ ഇണങ്ങപ്പെടുകയോ ചെയ്യാത്തവനില്‍ നന്മയില്ല. ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ അവരില്‍ വച്ച് അവര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നവനാണ്”.

മതം പഠിപ്പിക്കുന്ന നന്മകളെ ശരിയായി പ്രതിനിധീകരിച്ച്, സമൂഹത്തിന് നന്മ ചെയ്യുമ്പോള്‍ ആര്‍ക്കും മതത്തെ വെറുക്കുക സാധ്യമല്ല. മതത്തിന്റെ വെളിച്ചം സര്‍വര്‍ക്കും അവകാശപ്പെട്ടതാണ്. അത് തടയാന്‍ ഒരാള്‍ക്കും കഴിയില്ല. സ്രഷ്ടാവിന്റെ അനുഗ്രഹം ലഭിച്ചവര്‍ ആ വെളിച്ചത്തിലൂടെ വഴി നടക്കുന്നു. ദൌര്‍ഭാഗ്യവാന്മാരാകട്ടെ ആ വെളിച്ചം അവഗണിക്കുന്നു. മനുഷ്യനിര്‍മിതമായ അതിരുകള്‍ ഭേദിച്ച് മഹാഭാഗ്യ വാന്മാരിലേക്ക് ആ ദിവ്യദീപ്തി എത്തുക തന്നെ ചെയ്യും. നിത്യസൌഭാഗ്യത്തിന്റെ സ്വര്‍ഗത്തില്‍ സര്‍വര്‍ക്കും ഇടം ലഭിക്കാനുള്ള തികഞ്ഞ ഗുണകാംക്ഷയാണ് ഓരോ വിശ്വാസിയേയും ഭരിക്കേണ്ടത്. അതെ, മതം ഗുണകാംക്ഷയാണ്. ഉത്തമസമൂഹത്തിന്റെ സൃഷ്ടിക്കായി ഗുണകാംക്ഷയുടെ ആദര്‍ശത്തെ പഠിച്ചറിയുക. നന്മയുടെ സംസ്കാരം ഉള്‍ക്കൊള്ളുക.

ഹൃദയമിടിപ്പുകള്‍ നിലക്കുന്നതിനു മുമ്പ്, ജീവന്‍ നല്‍കിയ സ്രഷ്ടാവിനെക്കുറിച്ചും ഭാവിയെക്കുറിച്ചും ഒരു വേള നന്നായി ചിന്തിക്കുക. പരമകാരുണികനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ. ഒരു വേള നന്നായി ചിന്തിക്കുക. പരമകാരുണികനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.