The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


About ISM

ഇസ്ലാഹ് – നന്നാക്കുക, കേടുപാട് തീര്‍ക്കുക എന്നാണ് വാക്കര്‍ഥം. മനുഷ്യരുടെ വിശ്വാസവും കര്‍മവും ശരിയായ പാതയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ ശരിപ്പെടുത്തി നിയതരൂപത്തിലേക്ക് തിരിച്ചുകൊണ്ടുപോകലാണ് മതപരമായി ഇസ്ലാഹ്. പ്രവാചകന്‍മാര്‍ നിറവേറ്റിവന്ന ഈ ഉത്തരവാദിത്വം അന്തിമ പ്രവാചകനായ മുഹമ്മദ് നബി(സ)ക്ക് ശേഷം വിശ്വാസിസമൂഹത്തിന്റെ പൊതുബാധ്യതയാണ്.കേരളത്തില്‍ ഇസ്ലാഹീ പ്രവര്‍ത്തനങ്ങളുടെ തുടക്കം സംഘടിതമായിരുന്നില്ല. എന്നാല്‍ ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പു മുതല്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി മഹാരഥന്മാരായ പണ്ഡിതന്മാര്‍ ഒറ്റപ്പെട്ട നിലയില്‍ ഇസ്ലാഹീ പ്രവര്‍ത്തനം നടത്തിവന്നു. കേരള മുസ്ലിം സമൂഹത്തില്‍ ഇസ്ലാം കേവലം ഒരു മേല്‍വിലാസമായി മാത്രം അവശേഷിക്കുകയും വിശ്വാസ വിജ്ഞാന സംസ്കാരകര്‍മരംഗങ്ങള്‍ പുര്‍ണമായും ഇരുളടയുകയും അന്ധവിശ്വാസദുരാചാരങ്ങള്‍ മതമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത അക്കാലത്ത് ശരിയായ ഇസ്ലാമിന്റെ വെളിച്ചം ജനഹൃദയങ്ങളിലെത്തിക്കാന്‍ നാനാവിധ എതിര്‍പ്പുകളെ വകവെക്കാതെ അവര്‍ കഠിനാധ്വാനം ചെയ്തു.
അവരില്‍ പ്രമുഖര്‍

സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍
സയ്യിദ് ഹമദാനി തങ്ങള്‍
വക്കം അബ്ദുല്‍ ഖാദിര്‍ മൌലവി തുടങ്ങിയവരാണ്.

1922ല്‍ നിഷ്പക്ഷസംഘം എന്ന പേരിലും തുടര്‍ന്ന് കേരള മുസ്ലിം ഐക്യസംഘം എന്ന പേരിലും കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ് സംഘടിതപ്രവര്‍ത്തനങ്ങളാരംഭിച്ചത്.പണ്ഡിതന്‍മാരുടെ സേവനങ്ങളെ ഏകോപിപ്പിച്ച് കേരളം മുഴുക്കെ ആദര്‍ശ പ്രചാരണം നടത്താനുദ്ദേശിച്ച് 1924 ല്‍ കേരളത്തിലെ ആദ്യ മുസ്ലിം പണ്ഡിത സംഘടനയായ കേരള ജംഇയ്യത്തുല്‍ ഉലമ (KJU) രൂപീകൃതമായി. ഇന്നും കേരളത്തിലെ ഇസ്വ്ലാഹീ പ്രവര്‍ത്തനങ്ങള്‍ക്ക് വൈജ്ഞാനികനേതൃത്വം നല്‍കുന്നത് ഈ പണ്ഡിത സഭയാണ്.ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുില്‍ ഉലമായുടെയും ആദ്യകാല പ്രവര്‍ത്തകരില്‍പെട്ട പ്രമുഖരാണ്

കെ.എം. മൌലവി
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
കെ.എം.സീതി സാഹിബ്
ഇ. മൊയ്തു മൌലവി തുടങ്ങിയവര്‍.

പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങുകയും ആദര്‍ശശാലികളായ അനുയായികളുണ്ടാവുകയും ചെയ്തപ്പോള്‍ പ്രബോധനസംസ്കരണയത്നങ്ങളില്‍ ബഹുജന പങ്കാളിത്തം വ്യവസ്ഥപ്പെടുത്തുന്നതിനായി 1950 ല്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (KNM) എന്ന ബഹുജന സംഘടനക്ക് രൂപം നല്‍കി. തുടര്‍ന്നാണ് മുജാഹിദ് പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടാനും വ്യവസ്ഥാപിതമായ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പിലാക്കാനും തുടങ്ങിയത്. ആദ്യകാല ഗഖഡ, ഗചങ നേതാക്കള്‍

കെ.എം മൌലവി
എം. കെ ഹാജി
കെ.ഉമര്‍ മൌലവി
എം.സി.സി അബ്ദുറഹ്മാന്‍ മൌലവി
എം.സി.സി അബ്ദുല്ല മൌലവി
കെ. പി. മുഹമ്മദ് മൌലവി തുടങ്ങിയവര്‍

പില്‍ക്കാലത്ത്,

ഇത്തിഹാദു ശുബ്ബാനില്‍ മുജാഹിദീന്‍ (ISM) യുവഘടകം
മുജാഹിദ് സ്റുഡന്റ്സ് മൂവ്മെന്റ് (MSM) വിദ്യാര്‍ത്ഥി ഘടകം
മുസ്ലിം ഗേള്‍സ് & വിമന്‍സ് മൂവ്മെന്റ് (MGM) വനിതാ വിഭാഗം, എന്നിവ നിലവില്‍ വന്നു.

KJU, KNM നേതൃത്വത്തില്‍ മൂന്ന് കീഴ്ഘടകങ്ങളും ചേര്‍ന്ന് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്നു.
അഖിലേന്ത്യാതലത്തില്‍ അഹ്ലേഹദീസ് എന്ന പേരിലാണ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അഹ്ലേഹദീസിന്റെ കേരളഘടകമാണ് KNM. ഇന്ത്യന്‍ ദേശീയനേതാവായിരുന്ന മൌലാനാ അബുല്‍കലാം ആസാദ് അഹ്ലേഹദീസ് നേതൃനിരയിലെ പ്രമുഖനായിരുന്നു.സമാന ആദര്‍ശക്കാരായ പ്രസ്ഥാനങ്ങളും സംഘടനകളും ലോകത്ത് സംഘടിത മുസ്ലിം സമൂഹങ്ങളുള്ള മിക്കവാറും എല്ലാ നാടുകളിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അറബ് നാടുകളില്‍ പൊതുവെ സലഫി പ്രസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.”സലഫ് ” എന്നാല്‍ പൂര്‍വ്വഗാമികള്‍ എന്നാണര്‍ഥം. ഇസ്ലാമിലെ മാതൃകാസമൂഹമായ ആദ്യതലമുറകളെ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. അവരുടെ മാര്‍ഗവും മാതൃകയും അനുധാവനം ചെയ്യുന്നവര്‍ എന്ന അര്‍ഥത്തിലാണ് സലഫികള്‍ എന്ന പേര്. കേരളത്തിലും ഈ പേര് ഉപയോഗിക്കാറുണ്ട്.മുജാഹിദ് പ്രസ്ഥാനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പുറമെ ലക്ഷദ്വീപിലും കമ്മിറ്റികളും പ്രാദേശികഘടകങ്ങളുമുണ്ട്. സംസ്ഥാനത്തിനുപുറത്ത് മലയാളികളായ ആദര്‍ശബന്ധുക്കള്‍ സംഘടിച്ച് സലഫി/ഇസ്ലാഹീ സെന്ററുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു (ഡല്‍ഹി, മുംബൈ, ബാംഗ്ളൂര്‍, മൈസൂര്‍, ചെന്നൈ…). പുറമെ പ്രമുഖ കാമ്പസുകളില്‍ (അലിഗഢ്, ജാമിഅ മില്ലിയ്യ, ഹംദര്‍ദ്.) വിദ്യാര്‍ഥിഘടകങ്ങളും പ്രവര്‍ത്തിക്കുന്നു.

ഗള്‍ഫ് നാടുകളില്‍ അവിടങ്ങളിലെ സലഫിസംഘടനകളുമായി സഹകരിച്ച് ഗവണ്‍മെന്റിന്റെ അനുവാദത്തോടെ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഔദ്യോഗികപോഷകഘടകങ്ങള്‍ എന്ന നിലക്കുതന്നെ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവെ ഇസ്വ്ലാഹീ സെന്റര്‍ എന്നും ചില നാടുകളില്‍ സലഫീ സെന്റര്‍ എന്നും അറിയപ്പെടുന്നു. ഇവയെ ഏകോപിപ്പിക്കുന്നതിന് ഗള്‍ഫ് ഇസ്ലാഹീ കോഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുണ്ട്. മുഹ്യുദ്ധീന്‍ മദനി കോഡിനേഷന്‍ പ്രസിഡന്റും പി.എന്‍. അബ്ദുല്ലത്തീഫ് മദനി ജനറല്‍ സിക്രട്ടറിയുമാണ്.

ഇസ്ലാഹീ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍
മുജാഹിദ് പ്രസ്ഥാനം പ്രഥമമായും പ്രധാനമായും ഒരു ഇസ്ലാമിക പ്രബോധന സംഘമാണ്. അതിനാല്‍തന്നെ പ്രസ്ഥാനത്തിന് സ്വന്തമായോ പുതുതായോ എന്തിെലും ആദര്‍ശമോ നയപരിപാടികളോ അവതരിപ്പിക്കാനില്ല. കാലാതിവര്‍ത്തിയായ ഇസ്ലാമികദര്‍ശനത്തെ അര്‍ത്ഥത്തിലും പ്രയോഗത്തിലും അതേപടി നിലനിര്‍ത്താനും പ്രചരിപ്പിക്കാനുമുള്ള അശ്രാന്തപരിശ്രമങ്ങളാണ് അതിന്റെ ഒന്നാമത്തെ അജണ്ട. മനുഷ്യരാശിയുടെ സ്രഷ്ടാവും സംരക്ഷകനും ഏകദൈവവുമായ അല്ലാഹുവിന് മാത്രമാണ് ആരാധിക്കപ്പെടാനുള്ള അര്‍ഹത. അവന്റെ വിധിവിലക്കുകള്‍ പാലിച്ച് ജീവിക്കുന്നവര്‍ക്കാണ് പരലോകമോക്ഷം. വിധിവിലക്കുകളെന്തെന്നും അവ പാലിക്കേണ്ടതെങ്ങനെയെന്നും പഠിപ്പിക്കാന്‍ അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ട്. അവരില്‍ അവസാനദൂതനാണ് മുഹമ്മദ് നബി(സ). അദ്ദേഹം മുഖേന മനുഷ്യരാശിക്ക് സന്മാര്‍ഗദര്‍ശകമായി നല്‍കപ്പെട്ട ഖുര്‍ആന്‍ അവസാന വേദവും. ഇക്കാര്യങ്ങള്‍ വിശ്വസിച്ചംഗീകരിച്ച് അല്ലാഹുവെ മാത്രം ആരാധിച്ചും ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രവാചകചര്യ പിന്‍പറ്റിയും ജീവിക്കലാണ് ഇസ്ലാമിക ദര്‍ശനത്തിന്റെ ആകെത്തുക. ശാശ്വതമായ പരലോകരക്ഷയുടെയും ഇഹലോകത്തെ മനഃശാന്തിയുടെയും മാര്‍ഗമായ ഇസ്ലാം ഏതെങ്കിലും നാടിനോ ഭാഷക്കോ സമുദായത്തിനോ പ്രത്യേകമായുള്ളതല്ല; പ്രത്യുത മനുഷ്യരാശിയുടെ മോക്ഷമാര്‍ഗമാണ്. അതിനാല്‍ ഈ സന്ദേശം ലോകത്തെ കേള്‍പ്പിക്കല്‍ മുസ്ലിംകളുടെ ബാധ്യതയാണ്. ആ ആദര്‍ശം ഏറ്റെടുക്കുകയും പിന്നീട് എതിര് പ്രവര്‍ത്തി ക്കുകയും ചെയ്യുന്നവരെ തിരുത്തലും അങ്ങനെത്തന്നെ. ഇതാണ് ഇസ്വ്ലാഹി പ്രവര്‍ത്തന ത്തിലൂടെ നിര്‍വഹിക്കപ്പെടുന്ന ദൌത്യം. അതോടൊപ്പം, ജീവിക്കുന്ന നാടിന്റെയും ചുറ്റുപാടിന്റെയും സമൂഹത്തിന്റെയും സാഹചര്യങ്ങളോടും പ്രശ്നങ്ങളോടും ആവശ്യങ്ങളോടും സത്യസന്ധമായി സംവദിക്കാനും ആദര്‍ശതത്വങ്ങളിലും ധാര്‍മികമൂല്യങ്ങളിലും ഊന്നിനിന്നു കൊണ്ട് പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും പ്രസ്ഥാനം എന്നും ശ്രദ്ധ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്ഥാനം പ്രധാനമായും നിറവേറ്റിപ്പോന്നിട്ടുള്ള ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണെന്ന് സാമാന്യമായി സംഗ്രഹിക്കാം.

പ്രവര്‍ത്തന ലക്ഷ്യങ്ങള്‍

ഇസ്ലാമിനെ ഏറ്റക്കുറച്ചിലുകളില്ലാതെ പൊതുസമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കുക.
ഖുര്‍ആനും സുന്നത്തും അറബി ഭാഷയും ജനങ്ങളെ പഠിപ്പിക്കുക.
ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ അവസരമൊരുക്കുക.
മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നതും ഇസ്ലാമിന്റെ അന്തഃസത്തക്ക് നിരക്കാത്തതുമായ വിശ്വാസജീര്‍ണതകളെയും ദുരാചാരങ്ങളെയും പറ്റി ബോധവല്‍ക്കരിക്കുക.
സമുദായത്തില്‍ വേരുറപ്പിച്ചുവരുന്ന തീവ്രവാദവും വിധ്വംസകപ്രവര്‍ത്തനങ്ങളും തീര്‍ത്തും അനിസ്ലാമികവും അനഭിമതവും അപകടകരവുമാണെന്ന വസ്തുത എല്ലാ മതവിഭാഗങ്ങളെയും ബോധ്യപ്പെടുത്തുക, അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക.
സ്ത്രീകള്‍ക്ക് മതഭൌതിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനവും പള്ളികളില്‍ ആരാധനാ സ്വാതന്ത്യ്രവും നല്‍കുകയും സൌകര്യമേര്‍പ്പെടുത്തുകയും ചെയ്യുക.
സമുദായത്തില്‍, രോഗചികിത്സക്ക് അന്ധവിശ്വസാചാരങ്ങള്‍ ഉപാധിയാക്കുന്ന പ്രവണതക്കെതിരെ ബോധവത്കരണവും ശരിയായ ചികിത്സാ രീതികള്‍ പിന്‍പറ്റാന്‍ പ്രോത്സാഹനവും നല്‍കുക.
എല്ലാ മതവിശ്വാസികള്‍ക്കിടയിലും സൌഹാര്‍ദ്ദവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കാന്‍ യത്നിക്കുകയും ചെയ്യുക.
അഴിമതി, ധൂര്‍ത്ത്, സ്ത്രീധനം, തുടങ്ങി എല്ലാവിധ സാമൂഹ്യ തിന്മകള്‍ക്കെതിരിലും സമൂഹത്തെ ഉല്‍ബോധിപ്പിക്കുകയും ധാര്‍മികസദാചാര മൂല്യങ്ങള്‍ക്ക് പ്രചാരം നല്‍കു കയും ചെയ്യുക.
സ്ത്രീധന രഹിത ലളിത വിവാഹം, അനാഥ സംരക്ഷണം, പലിശ രഹിത നിധി തുടങ്ങി മാതൃകാപരമായ സാമൂഹ്യസേവനസംരംഭങ്ങളും സംഘടിത സകാത്ത് ശേഖരണ വിതരണവും മറ്റു ദുരിതാശ്വാസ നിധികളും നടപ്പാക്കുക. ഇത്തരം സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണെന്ന് സമുദായത്തെ ഉണര്‍ത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക.
മതവിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം ധാര്‍മികതയിലൂന്നിക്കൊണ്ടുള്ള ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യം സമുദായത്തെ ബോധ്യപ്പെടുത്തിയും രണ്ട് തരം വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങളും സ്ഥാപനങ്ങളുമൊരുക്കിയും നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയും മതഭൌതിക വൈജ്ഞാനിക രംഗങ്ങളില്‍ സമുദായത്തെ മുന്നോട്ട് നയിക്കുക.
മതേതരഭാരതത്തിലെ പൌരന്മാരെന്ന നിലക്ക് പൊതുവായും മതസാംസ്കാരിക ന്യൂനപക്ഷമെന്ന നിലക്ക് സവിശേഷമായും മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് അവരെ ബോധവല്‍കരിക്കുകയും അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും വേണ്ടി ക്രിയാത്മകമായ നയപരിപാടികളില്‍ സമുദായത്തിലെ ഇതരവിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.
പ്രചാരണോപാധികള്‍ മേല്‍ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് കാലോചിതവും ഫലപ്രദവുമായ വ്യത്യസ്ത ഉപാധികള്‍ കാലാകാലങ്ങളില്‍ ഉപയോഗപ്പെടുത്തിവരുന്നു:
പ്രഭാഷണങ്ങള്‍, ഖണ്ഡനപ്രസംഗങ്ങള്‍, സംവാദങ്ങള്‍
ഖുര്‍ആന്‍ ഹദീസ് പഠനക്ളാസുകള്‍
ഖുര്‍ആന്‍ പരിഭാഷകള്‍, ഇസ്ലാമിക സാഹിത്യങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയുടെ പ്രസിദ്ധീകരണം, പ്രചാരണം
മാതൃഭാഷയിലുള്ള ജുമുഅ ഖുത്വ്ബകള്‍
സ്ക്വാഡുകള്‍, ഗൃഹസദസ്സുകള്‍, അയല്‍ക്കൂട്ടങ്ങള്‍
പഠനകേമ്പുകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍
പ്രാദേശിക/ സംസ്ഥാന തലസമ്മേളനങ്ങള്‍
പ്രദര്‍ശനങ്ങള്‍
കലാ സാഹിത്യ വൈജ്ഞാനിക മത്സരങ്ങള്‍

സ്ഥാപനങ്ങള്‍
ആദര്‍ശപ്രചാരണത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി ആവശ്യമായ സ്ഥാപനങ്ങളുണ്ടാക്കി.

പള്ളികള്‍
അറബിക്കോളേജുകള്‍
മദ്റസകള്‍
ആര്‍ട്സ്/സയന്‍സ് കോളേജുകള്‍
സ്കൂളുകള്‍
അനാഥാലയങ്ങള്‍
സൌജന്യ ഡിസ്പന്‍സറികള്‍
ആശുപത്രികള്‍