The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


‘ഇസ്ലാം ശാന്തിയുടെ മതം’ ഐ.എസ്.എം കാംപെയ്ന്‍ ഉജ്ജ്വല തുടക്കം നൂറോളം കേന്ദ്രങ്ങളില്‍ ദ ലൈറ്റ് എക്സിബിഷന്‍
Nov - 21 - 2011 0 Comment

‘ഇസ്ലാം ശാന്തിയുടെ മതം’
ഐ.എസ്.എം കാംപെയ്ന്‍ ഉജ്ജ്വല തുടക്കം
നൂറോളം കേന്ദ്രങ്ങളില്‍ ദ ലൈറ്റ് എക്സിബിഷന്‍

കൊച്ചി. സമൂഹത്തില്‍ സഹിഷ്ണുതയും സമാധാനവും നിലനില്‍ക്കുന്നതിനു വേണ്ടി എല്ലാ വിഭാഗം ജനങ്ങളും പരിശ്രമിക്കണമെന്ന ആഹ്വാനത്തോടെ ഐ.എസ്.എം സംസ്ഥാന കാംപെയ്ന് എറണാകുളം മറൈന്‍ഡ്രൈവില്‍ ഉജ്ജ്വല തുടക്കം.
‘ഇസ്ലാം ശാന്തിയുടെ മതം’ എന്ന പ്രമേയത്തില്‍ നവം. 20 മുതല്‍ 2012 ഫെബ്രു. 20 വരെയാണ് കാംപെയ്ന്‍ സംഘടിപ്പിക്കുന്നത്.
ലോകം ഇന്ന് നേരിടുന്ന തീവ്രവാദം, പലിശ, വ്യഭിചാരം, ആത്മീയ ചൂഷണം തുടങ്ങിയ സാമൂഹ്യ തിന്മകളെ നിരാകരിക്കുന്ന ഇസ്ലാം സമാധാനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഭീകരവാദവും തീവ്രവാദവും മനുഷ്യ സമൂഹത്തിന്റെ നാശത്തിന് മാത്രമെ ഉപകരിക്കൂ.
അഖിലേന്ത്യ അഹ് ലേ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറിയും ചെന്നൈ കഞഏഇ(ഇബ്നുഖയ്യും ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ് ലാമിക് റിസര്‍ച്ച് ആന്റ് ഗൈഡന്‍സ് സെന്റര്‍) ഡയറക്ടറുമായ ശൈഖ് അനീസുറഹ്മാന്‍ അഅ്സമി ക്യാമ്പയിംന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അദ്ധ്യക്ഷനായിരുന്നു.ബഹു കേരള ഹൈക്കേടതി ജഡ്ജി ജസ്റിസ് സി.കെ അബ്ദുറഹിം മുഖ്യാതിഥിയായി പങ്കെടുത്തു.ക്യാമ്പയിംന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബം, സാമൂഹിക ബന്ധം, മതം, സാമ്പത്തികം, സ്ത്രീ, സംസ്കാരം, നവോത്ഥാനം തുടങ്ങിയ മേഖലകളെ പഠന വിധേയമാക്കുന്നതുമായ ‘ദി ലൈറ്റ് ഇസ്ലാമിക് എക്സിബിഷന്‍ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് ഉദ്ഘാടനം ചെയ്തു.
കെ.എന്‍.എം സംസ്ഥാന സെക്രട്ടറി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, എം.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീന്‍ സ്വലാഹി, കെ.എന്‍.എം എറണാകുളം ജില്ലാ സെക്രട്ടറി നൂര്‍ മുഹമ്മദ് നൂര്‍ഷാ എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് വേണ്ടി ജീവിതത്തില്‍ ലാളിത്യവും കരുണയും വളര്‍ത്തിയെടുക്കാന്‍ യുവസമൂഹം തയ്യാറാകണം. സാമൂഹിക ബന്ധങ്ങളും, കടപ്പാടുകളും വിസ്മരിച്ചു കൊണ്ട് സാമ്പത്തിക അഭിവൃദ്ധി മാത്രം ലക്ഷ്യമാക്കി ജീവിതം നയിക്കുന്നത് ദൈവീക അധ്യാപനങ്ങള്‍ക്ക് നിരക്കാത്തതാണ്.
ഭീകരവാദവും, വിധ്വംസക പ്രവര്‍ത്തനങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ലെന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിരിക്കെ, മുസ്ലീം നാമധാരികള്‍ ചെയ്യുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇസ്ലാമിന്റെ പേരില്‍ വെച്ച് കെട്ടുന്നത് നീതീകരിക്കാനാവില്ല.സാമ്രാജ്യത്വ ശക്തികളുടെ പ്രചാരണത്തില്‍ തകര്‍ക്കാന്‍ പറ്റുന്നതല്ല ഇസ്ലാമിന്റെ ആദര്‍ശം. മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെ വഴിതിരിച്ച് വിടുന്ന കപട ആത്മീയതക്കും, പൌരോഹിത്യ ചൂഷണ കേന്ദ്രങ്ങള്‍ക്കുമെതിരെ പണ്ഡിതന്‍മാര്‍ രംഗത്തിറങ്ങണം. ഏകദൈവ വിശ്വാസത്തിന്റെ മൌലികതയില്‍ നിന്നുകൊണ്ടുള്ള സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ മാനവ സമൂഹത്തെ ശാശ്വത മോക്ഷത്തിലേക്ക് നയിക്കാന്‍ സാധിക്കുകയുള്ളൂ. മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനം ഏകദൈവവിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടുള്ള പരിഹാരത്തിലൂടെ മാത്രമേ മുസ്ലിം ഐക്യം സാധ്യമാകൂ.
മാനവികതയുടെ മഹത്വം ഉദ്ഘോഷിച്ച മതമാണ് ഇസ്ലാമെന്നും, വ്യക്തിയുടെ ഭൌതികവും ആത്മീയവുമായ വിമലീകരണമാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വര്‍ത്തമാന സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന മനൂഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കുവാനും, സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുവാനും വിശ്വാസികള്‍ പരിശ്രമിക്കണം.
സമൂഹത്തിന്റെ അസ്ഥിത്വം തകര്‍ക്കുന്ന വിധം നടന്നുകൊണ്ടിരിക്കുന്ന സാംസ്കാരിക അധിനി വേശത്തിനെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണം. മുസ്ലീം സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ അജണ്ടകള്‍ ഹൈജാക്ക് ചെയ്യപ്പെടുന്ന വിധത്തില്‍ നടക്കുന്ന നീക്കങ്ങളെ തിരിച്ചറിയാന്‍ മതസംഘടനകള്‍ക്ക് സാധിക്കണം.
സമൂഹത്തിന്റെ കര്‍മ്മ ശേഷിയെ നവോത്ഥാന രംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് പകരം അനിവാര്യമല്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയതിന്റെ ദുരന്തത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുവാന്‍ മുസ്ലിം സംഘടനകള്‍ തയ്യാറാകണം. പ്രബോധന രംഗത്ത് നിന്ന് യുവാക്കളെ മാറ്റി നിര്‍ത്തി നിഷ്ക്രിയത്വത്തിലേക്ക് നയിച്ച സംഘടനകള്‍ക്കെതിരെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണം.
വ്യത്യസ്ത സമുദായങ്ങളോട് പ്രീണന നയം സ്വീകരിക്കുന്നതിന് പകരം ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ലഭ്യമാക്കുവാനും, സാമൂഹിക സന്തുലനം സാധ്യമാക്കുവാനും ഭരണകൂടം ശ്രമിക്കണം. സാമൂഹിക വികസനം ലക്ഷ്യമാക്കി പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ രൂപീകരിച്ച കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുവാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ട് വരണം.
ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെയും ശാന്തിയുടെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയെന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഢനീക്കങ്ങളെ സമൂഹത്തിന് മുമ്പില്‍ തുറന്നു കാണിക്കുവാനുള്ള പദ്ധതികള്‍ കാംപെയ്ന്‍ ഭാഗമായി സംഘടിപ്പിക്കും.
രണ്ടാം സെഷനില്‍ കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബുസേട്ട് അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, അഡ്വ. മായന്‍കുട്ടി മേത്തര്‍, ശംസുദ്ദീന്‍ പാലത്ത്, ഹനീഫ് കായക്കൊടി, അഡ്വ. ഹബീബ് റഹ്മാന്‍, നബീല്‍ രണ്ടത്താണി,അബ്ദുല്‍ ഖാദര്‍ പറവണ്ണ, സഗീര്‍ എം.കെ, അഫ്സല്‍ പി.ഇ എന്നിവര്‍ പ്രസംഗിച്ചു.
കാംപെയ്ന്‍ ഭാഗമായി ആദര്‍ശ സമ്മേളനം, ജില്ലാ തല ഉദ്ഘാടന സമ്മേളനം, ഫാമിലി മീറ്റ്, യുവജന സെമിനാര്‍, വനിതാ സംഗമം, ബുക്ക് ഫെയര്‍, ക്വുര്‍ആന്‍ സെമിനാര്‍, സാമൂഹിക സംവാദം, പ്രഭാഷണം, പൊതു സമ്മേളനം, ലഘുലേഖ വിതരണം, ഗൃഹസമ്പര്‍ക്കം എന്നിവ സംഘടിപ്പിക്കും. തമിഴ്നാട്, കര്‍ണ്ണാടക, ലക്ഷദ്വീപ്, ഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും, ബഹറൈന്‍, കുവൈറ്റ്, ഖത്തര്‍, യു.എ.ഇ, സൌദി അറേബ്യ, ഒമാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കാംപെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ എക്സിബിഷന്‍ നടക്കും. മെസേജ് പവലിയന്‍, ഗൈഡന്‍സ് കോര്‍ണര്‍, കിഡ്സ് പവലിയന്‍, ബുക്ക് ഫെയര്‍, വിവിധ സമ്മേളനങ്ങള്‍ എന്നിവ എക്സിബിഷന്‍ ഭാഗമായി ഒരുക്കും.