The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


മാനവിക ഐക്യം ശക്തിപ്പെടുത്താന്‍ മതവിശ്വാസികള്‍ മുന്നിട്ടിറങ്ങണം – അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ
Dec - 26 - 2011 0 Comment

തിരൂര്‍: അക്രമത്തിനും അരാജകത്വത്തിനുമെതിരെ നിസ്തുലമായ മാനവികഐക്യം ശക്തിപ്പെടുത്താന്‍ മതവിശ്വാസികള്‍ മുന്നിട്ടിറങ്ങണമെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ അഭിപ്രായപ്പെട്ടു. പൂങ്ങോട്ടുകുളം സലഫി നഗറില്‍ ദി ലൈറ്റ് എക്സിബിഷന്റെ ഭാഗമായി നടന്ന ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്വുര്‍ആന്‍ വിഭാവനം ചെയ്യുന്ന സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ ശക്തമായ ചുവടുവെപ്പുകള്‍ അനിവാര്യമാണ്. ലോകത്തിന് ശാസ്ത്രത്തിന്റെയും നാഗരികതയുടെയും കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ഇസ്ലാമിനെ ഭീകരവാദത്തിന്റെ മുദ്ര ചാര്‍ത്തി തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല. വിവാദങ്ങള്‍ക്ക് വഴിമരുന്നിടാനല്ല, സേവന പ്രവര്‍ത്തനങ്ങളിലൂടെ ദുരിതമകറ്റാനാണ് യുവാക്കള്‍ ശ്രമിക്കേണ്ടത്. കേരളത്തിലെ നവോത്ഥാന രംഗത്ത് മുജാഹിദ് പ്രസ്ഥാനം നല്‍കിയ സംഭാവനകള്‍ അനിഷേധ്യമാണ്. വിദ്യഭ്യാസ സാമൂഹിക രംഗത്ത് കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തേണ്ടതുണ്ട്. അത്തരം കൂട്ടായ്മകള്‍ക്ക് കരുത്ത് പകരാന്‍ ഈ രൂപത്തിലുള്ള സംരംഭങ്ങള്‍ |ഉപകരിക്കണം. അദ്ദേഹം പറഞ്ഞു.

ആദര്‍ശ സമ്മേളനത്തില്‍ മുഹമ്മദ് നബി മാനവരില്‍ മഹോന്നതന്‍ എന്ന വിഷയം അവതരിപ്പിച്ച് ആദില്‍ അത്തീഫ് സംസാരിച്ചു. തൌഹീദ് മൌലികതയും വ്യതിയാനവും എന്ന വിഷയത്തിന്റെ വിഷ്വല്‍ പ്രസന്റേഷന്‍ അഹ്മദ് അനസ് മൌലവി അവതരിപ്പിച്ചു. സി.എം. സാബിര്‍ നവാസ്, സി.എന്‍. യാസിര്‍ മദനി, യാസിര്‍ ശരീഫ് ടി.ഒ. എന്നിവര്‍ സംസാരിച്ചു.

എക്സിബിഷന്റെ മൂന്നാം ദിവസമായ ഇന്ന് (25.12.2011 ഞായര്‍) രാവിലെ 8 മണിക്ക് കളിച്ചങ്ങാടം എം.എസ്.എം പ്രസിഡണ്ട് ഡോ. മുഹമ്മദ് ശഹീര്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എം മലപ്പുറം വെസ്റ് ജില്ലാ പ്രസിഡണ്ട് കെ. സിറാജുദ്ദീന്‍ അദ്ധ്യക്ഷനായിരിക്കും. നാസ്വിര്‍ ബാലുശ്ശേരി, സാബിഖ്ബ്നു കാസിം, ടി.പി. നിഷാദ് സംസാരിക്കും.

വൈകീട്ട് 3 മണിക്ക് ക്വുര്‍ആന്‍ സെമിനാര്‍ എം.പി. അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. ക്വുര്‍ആന്‍ മോക്ഷത്തിന്, മോചനത്തിന് എന്ന വിഷയത്തില്‍ മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സി.എന്‍. അബ്ദുസമദ് സുല്ലമി, സി.എം. അബ്ദുല്‍ ഖാലിഖ്, എ.പി. ശംസുദ്ദീന്‍, അബ്ദു ശുക്കൂര്‍ സ്വലാഹി, സി. യാസിര്‍ അറഫാത്ത്, എന്‍.നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിക്കും.