The Light Exhibition

Conducted By ISM Kerala

Ayah of the day

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്‍റെഅധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുര്‍ആന്‍ 2:155-157 )


വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുക – മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
Poongottukulam, Tirur Malappuram West Dec - 26 - 2011 0 Comment

തിരൂര്‍: അരാജകത്വവും വിനാശവും സൃഷ്ടിക്കുന്നതിനു പകരം, വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദി ലൈറ്റ് എക്സിബിഷനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണം. ഇസ്ലാം വിഭാവനം ചെയ്യുന്ന ശാന്തിയുടെ സന്ദേശം പൊതു സമൂഹത്തില്‍ എത്തിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ജനാധിപത്യ മതേതരത്വ ചേരിയില്‍ അണിനിരത്താന്‍ കൂട്ടായ്മകള്‍ രൂപപ്പെടണം. മുസ്ലിം നവോത്ഥാന രംഗത്ത് ഇസ്ലാഹി പ്രസ്ഥാനം നല്‍കിയ സംഭാവനകള്‍ അനിഷേധ്യമാംവിധം പ്രകടമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എസ്.എം. വെസ്റ് ജില്ലാ പ്രസിഡണ്ട് എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. മുന്‍ രാജ്യസഭാഗം പി.വി. അബ്ദുല്‍ വഹാബ്, അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ, എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ.കെ. മുഹമ്മദ് ശഹീര്‍, അന്‍വര്‍ സാദത്ത് കള്ളിയത്ത്, ഷാനവാസ് പറവണ്ണ, സി.പി. മുഹമ്മദ് നൂറുല്‍ അമീന്‍ എന്നിവര്‍ പ്രസംഗിച്ചു.